സ്ത്രീകളും കുട്ടികളും നൽകുന്ന പരാതികളിൽ അന്വേഷണം വൈകരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും പരാതി ലഭിച്ചാൽ സ്റ്റേഷൻ പരിധി അതിർത്തി പരിഗണിക്കാതെ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ അതിർത്തി പറഞ്ഞ് ചിലർ പരാതികൾ തിരിച്ചയക്കുന്നുവെന്ന് അറിവായിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ല. അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ കേസിൽ ബന്ധുക്കളോ പരിചയക്കാരോ പ്രതികളാണെങ്കിൽ അറസ്റ്റ് വൈകിപ്പിക്കരുത്. ഇരയുടെ പുനരധിവാസം ഉറപ്പാക്കണം. ട്രാൻസ്ജെൻഡറുകളോട് മാനുഷികമായ രീതിയിൽ പെരുമാറണം. നിയമപ്രകാരമുള്ള സുരക്ഷ അവർക്ക് ഉറപ്പാക്കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ ഡെസ്ക് പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

മനുഷ്യാവകാശ ലംഘനങ്ങൾ, അന്യായമായി തടങ്കലിൽ വയ്ക്കൽ, മൂന്നാംമുറ എന്നിവ അംഗീകരിക്കാൻ കഴിയില്ല. പരിക്കേറ്റവരെയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെയും അറസ്റ്റ് ചെയ്താൽ വൈദ്യപരിശോധന നടത്തിയ ശേഷം മാത്രമേ അവരെ സ്റ്റേഷനിൽ എത്തിക്കാവൂ.ക്രിമിനൽ പശ്ചാത്തലമുള്ളവരിൽ നിന്ന് പോലീസ് അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡി.ജി.പി വരെയുള്ളവർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം. മാഫിയ സംഘങ്ങളുമായി പോലീസിന് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ചട്ടം ലംഘിക്കുന്ന പോലീസുകാർക്കെതിരെ നടപടിയെടുക്കും.