ഹാക്കിങ്ങിനിരയായി പ്രമുഖരുടെ പ്രൊഫൈലുകൾ; പണം തട്ടാനും വിവരങ്ങൾ ചോർത്താനും ശ്രമം

കൊച്ചി: മന്ത്രി കെ രാജന്‍റെയും മുൻ മന്ത്രി കെ കെ ശൈലജയുടെയും ഫേസ്ബുക്ക് പേജുകൾ ഹാക്ക് ചെയ്ത സംഘം ഇത് ഉപയോഗിച്ചത് വ്യാജ സൈറ്റുകൾ വഴി പണം തട്ടാനും കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും നുഴഞ്ഞ് കയറി വിവരങ്ങൾ ചോർത്താനും. വ്യാജ ലോട്ടറികളുടെയും വ്യാജ മരുന്നുകളുടെയും ലിങ്കുകളും വിവരങ്ങൾ ചോർത്തുന്ന സോഫ്‌ട്‌വെയർ അടങ്ങിയ ലിങ്കുകളും പേജുകളിൽ പോസ്റ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്.

മന്ത്രി കെ രാജന്‍റെ ഹാക്ക് ചെയ്ത ഫേസ്ബുക്ക് പേജിൽ നിന്ന് മാത്രം രണ്ടായിരത്തിലധികം പോസ്റ്റുകൾ നീക്കം ചെയ്യേണ്ടി വന്നതായി കൊച്ചി ആസ്ഥാനമായുള്ള സൈബർ വിദഗ്ധനും സൈബർ സെക്യൂരിറ്റി ഫൗണ്ടേഷൻ സ്ഥാപകനുമായ ജിയാസ് ജമാൽ പറഞ്ഞു. തന്‍റെ ഫേസ്ബുക്ക് പേജ് തിരികെ ലഭിച്ചെന്ന വിവരം മന്ത്രി ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

കൊച്ചി കോർപറേഷൻ മേയർ അനിൽ കുമാർ, ആലുവ എം.എൽ.എ അൻവർ സാദത്ത്, കുന്നത്തുനാട് മുൻ എം.എൽ.എ വി പി സജീന്ദ്രൻ, മന്ത്രി വി എൻ വാസവൻ, മുൻ മന്ത്രി കെ കെ ശൈലജ തുടങ്ങി നിരവധി പേരുടെ ഫേസ്ബുക്ക് പേജുകൾ അടുത്തിടെ ഹാക്കിങ്ങിന് വിധേയമായിരുന്നു. തട്ടിപ്പ് നടത്തുമ്പോൾ വിശ്വസനീയത ഉറപ്പാക്കുന്നതിനാണ് വെരിഫൈഡ് പേജുകൾ ഹാക്ക് ചെയ്തത്. നിരവധി സിനിമാ താരങ്ങളുടെയും സെലിബ്രിറ്റികളുടെയും സജീവ ഫേസ്ബുക്ക് പേജുകളും ഇതിനോടകം ഹാക്ക് ചെയ്യപ്പെട്ടിരുന്നു.