സ്വയം പ്രമോട്ട് ചെയ്യുന്നു; ജി20 ലോഗോയിലെ താമരക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയിൽ ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ കോൺഗ്രസ്. യാതൊരു നാണവുമില്ലാതെ ബി.ജെ.പി സ്വയം പ്രമോട്ട് ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു. ലോഗോയും പ്രമേയവും വെബ്സൈറ്റും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

കമൽ നാഥിന്‍റെ പേരിൽ നിന്ന് താമര(കമൽ) എടുത്ത് മാറ്റുമോ എന്ന് ചോദിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല വിമർശനത്തിന് മറുപടി നൽകി. “താമര നമ്മുടെ ദേശീയ പുഷ്പമാണ്. മഹാലക്ഷ്മിയുടെ ഇരിപ്പിടവും താമരയാണ്. നിങ്ങൾ ദേശീയ പുഷ്പത്തെ ആണോ എതിർക്കുന്നത്. കമൽനാഥിൽ നിന്ന് കമൽ എടുത്ത് മാറ്റാൻ തയ്യാറാകുമോ? രാജീവ് എന്ന വാക്കിന്‍റെ അർത്ഥം താമര എന്നാണ്. പ്രത്യേകിച്ച് അജൻഡയൊന്നും നിങ്ങൾ സംശയിക്കുന്നില്ലെന്നു കരുതുന്നു” പൂനവാല ട്വീറ്റ് ചെയ്തു.

കാവിയും പച്ചയും കലർന്ന നിറത്തിൽ ജി20 എന്നെഴുതിയ ലോഗോയിൽ, ഭൂമി ഒരു താമരയിൽ ഇരിക്കുന്നത് പോലെയാണുള്ളത്. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ജി 20 അധ്യക്ഷ സ്ഥാനം രാജ്യത്തിന് അഭിമാനകരമാണെന്ന് മോദി പറഞ്ഞിരുന്നു. അടുത്തയാഴ്ച ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ശേഷം ഡിസംബറിൽ ഒരു വർഷത്തേക്ക് ഇന്ത്യ അധ്യക്ഷ സ്ഥാനമേൽക്കും.