സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിനെത്താത്തതിൽ രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധം
തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിഷേധം. സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകം അനാച്ഛാദനം ചെയ്യാനെത്താത്തതിലാണ് പ്രതിഷേധം. അന്തരിച്ച പത്മശ്രീ ഗോപിനാഥന്‍ നായരുടേയും കെ.ഇ. മാമന്റേയും ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കാത്തുനിന്നിട്ടും രാഹുല്‍ ഗാന്ധി ചടങ്ങിനെത്തിയില്ല.
രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ കെ സുധാകരനും ശശി തരൂർ എംപിയും പ്രതിഷേധിച്ചു. ഭാരത് ജോഡോ യാത്ര നെയ്യാറ്റിൻകരയിൽ എത്തുമ്പോൾ കെ ഇ മാമ്മന്‍റെയും ഗോപിനാഥൻ നായരുടെയും സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്യാനും തൈ നടാനുമായിരുന്നു തയ്യാറെടുപ്പ്. സ്വാതന്ത്ര്യസമര സേനാനികൾ ചികിത്സയിൽ കഴിഞ്ഞ നിംസ് ആശുപത്രിയും നെയ്യാറ്റിൻകര ഗാന്ധി മാത്ര മണ്ഡലും സംയുക്തമായാണ് സ്മൃതി മണ്ഡപം സ്ഥാപിച്ചത്.
ഗോപിനാഥൻ നായരുടെ ഭാര്യ സരസ്വതിയമ്മ കെ ഇ മാമന്‍റെ കൊച്ചുമകൻ വർഗീസ്, ബന്ധുക്കളും സുഹൃത്തുക്കളും, കോണ്‍ഗ്രസ് പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. രാഹുലിന്‍റെ വരവിനായി കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ, ശശി തരൂർ എം.പി, എം.എം ഹസൻ തുടങ്ങിയവർ കാത്തിരുന്നു. എന്നാല്‍ നാല് മണിക്ക് യാത്ര സ്മൃതിമണ്ഡപത്തിന് മുന്നിലൂടെ കടന്നുപോയിട്ടും രാഹുല്‍ എത്തിയില്ല. ഇതോടെ നേതാക്കൾ സംഘാടകരെ വിവരം അറിയിച്ചെങ്കിലും രാഹുലിന്‍റെ പരിപാടിയിൽ മാറ്റമുണ്ടായില്ല.