വിഴിഞ്ഞത്ത് സമരം കനക്കുന്നു; പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നൽകി

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്തെ പോലീസിനോട് സജ്ജരായിരിക്കാൻ ആവശ്യപ്പെട്ടു. തുറമുഖ നിർമ്മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ ശ്രമം തീരദേശവാസികൾ തടഞ്ഞതിനെ തുടർന്ന് വിഴിഞ്ഞം യുദ്ധക്കളമായി മാറിയ സാഹചര്യത്തിൽ പോലീസിന് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അവധിയിലുള്ളവർ തിരികെ വരണം. വിഴിഞ്ഞത്തിന് പുറമെ മറ്റ് തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന കാരണത്താലാണ് അദാനി തുറമുഖ അധികൃതർ നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്ത് എത്തിച്ചത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പൊലീസ് ആണ് സൗകര്യം ഒരുക്കേണ്ടത്. വിവരമറിഞ്ഞ് രാവിലെ മുതൽ സമരക്കാർ പ്രദേശത്ത് നിലയുറപ്പിച്ചു. തുറമുഖത്തെ പിന്തുണയ്ക്കുന്ന നാട്ടുകാരും തടിച്ചുകൂടിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. കനത്ത പൊലീസ് സന്നാഹത്തോടെ 27 ലോറികളിലായാണ് നിർമ്മാണ സാമഗ്രികൾ എത്തിച്ചത്. എന്നാൽ വാഹനങ്ങൾക്ക് സമര പന്തൽ കടന്ന് പദ്ധതി പ്രദേശത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. 

ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചു. തങ്ങളുടെ കൈയിലുണ്ടായിരുന്നതെല്ലാം പരസ്പരം എറിഞ്ഞും വലിയ പ്രകോപനം സൃഷ്ടിച്ചും പ്രതിഷേധക്കാർ മുന്നോട്ട് പോയി. സംഘർഷം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. വളരെ പ്രയാസപ്പെട്ടാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. പ്രദേശത്ത് സംഘർഷം തുടരുകയാണ്.