ചൈനയിൽ കൊവിഡിനെതിരെ പ്രക്ഷോഭം: അടിച്ചമര്‍ത്താന്‍ നടപടി തുടങ്ങി ചൈനീസ് സര്‍ക്കാര്‍

ബീജിംഗ്: ചൈനയുടെ കർശനമായ കോവിഡ്-19 നടപടികൾക്കെതിരായ ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതോടെ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കവുമായി ചൈനീസ് സർക്കാർ രംഗത്തെത്തി. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് സർക്കാർ സോഷ്യൽ മീഡിയ നിരീക്ഷണവും നിയന്ത്രണവും വർദ്ധിപ്പിച്ചിട്ടുണ്ട്.

ചൈനീസ് സർക്കാരിന്റെ സീറോ-കോവിഡ് നയമാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടിയത്. വിരലിലെണ്ണാവുന്ന കേസുകളുടെ കൂട്ടപരിശോധനാ രീതി ചൈനയിൽ വലിയ ബുദ്ധിമുട്ടും രോഷവും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.  

വടക്കുപടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ചയുണ്ടായ തീപിടുത്തം ജനരോഷത്തിന് കാരണമായതായി റിപ്പോർട്ടുകൾ പറയുന്നു. പത്തോളം പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകാൻ കാരണം കൊവിഡ് ലോക്ക്ഡൗണാണെന്നാണ് ആരോപണം. എന്നാൽ ആരോപണങ്ങൾ ചൈനീസ് അധികൃതർ നിഷേധിച്ചു.