സോണിയയെ ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധം; വി.ഡി.സതീശനടക്കം അറസ്റ്റിൽ
തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതിൽ പ്രതിഷേധിച്ച് റാലി നടത്തിയതിന് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്ഭവനിലേക്ക് ആയിരുന്നു മാർച്ച്.
ഡൽഹിയിലെ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയ എംപിമാരും അറസ്റ്റിലായി. പ്രതിഷേധക്കാരെ നീക്കാൻ പൊലീസ് ബലം പ്രയോഗിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. എ.ഐ.സി.സിക്ക് മുന്നിൽ പ്രതിഷേധിച്ചവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ആറ് മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. ഇന്ന് വീണ്ടും ഹാജരാകണമെന്ന നിർദ്ദേശത്തോടെ വൈകിട്ട് 7 മണിക്ക് മടങ്ങാൻ അനുവദിച്ചു.21നു ചോദ്യം ചെയ്യൽ രണ്ട് മണിക്കൂർ നീണ്ടുനിന്നു. പ്രതിപക്ഷത്തെ നേരിടാൻ കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ഇന്നലെ വിജയ് ചൗക്കിൽ പ്രതിഷേധിച്ച എംപിമാരെയും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെയും അറസ്റ്റ് ചെയ്തിരുന്നു.