ബസിലിക്കയിലെ പ്രതിഷേധം; കുർബാനയെ അവഹേളിച്ചവർക്കെതിരെ നടപടിയെന്ന് സിറോ മലബാര്‍ സഭ
കൊച്ചി: ക്രിസ്തുമസ് തലേന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ പള്ളിയായ സെന്‍റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും.
കുർബാനയെ പ്രതിഷേധ മാർഗമായി ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. കുർബാനയെ അവഹേളിക്കുകയും സഭയുടെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
സിനഡ് തീരുമാനിച്ച പ്രകാരം ഏകീകൃത കുർബാനയ്ക്കെതിരെ ഏതാനും പുരോഹിതൻമാരും അല്‍മായരും നടത്തുന്ന പ്രതിഷേധം നീതികരിക്കാനാവാത്തതാണ്. ഈ സംഭവങ്ങളിൽ സീറോ മലബാർ സഭ ഒന്നടങ്കം അഗാധമായ ദു:ഖത്തിലാണ്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന വൈദികരും അൽമായരും പിൻമാറണമെന്നും സഭാ അച്ചടക്കം പാലിക്കണമെന്നും വാർത്താ കുറിപ്പിൽ അവർ അഭ്യർത്ഥിച്ചു.