വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യങ്ങള്‍ വ്യക്തമല്ലെന്ന കെഎസ്ഇബിയുടെ മറുപടിയിൽ പ്രതിഷേധം
പാലക്കാട്: പാലക്കാട് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷ വ്യക്തമല്ലെന്ന് മറുപടി നൽകിയ കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം. വ്യക്തമായ മലയാളത്തിൽ എഴുതിയ ചോദ്യത്തിനാണ് വ്യക്തമല്ലെന്ന ഉദ്യോഗസ്ഥയുടെ മറുപടി ലഭിച്ചത്. സംഭവത്തിൽ കൽപ്പാത്തി കെ.എസ്.ഇ.ബി സെക്ഷൻ സീനിയർ സൂപ്രണ്ടിനെതിരെ പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത അപ്പീൽ അതോറിറ്റിക്ക് പരാതി നൽകി.
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം കരാർ തൊഴിലാളി മരിച്ച സംഭവത്തെ കുറിച്ചായിരുന്നു ബോബന്‍റെ ചോദ്യം. മരിച്ച തൊഴിലാളിയുടെ പേരും വിശദാംശങ്ങളും, മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോർട്ട്, മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന്‍റെ പേര് വിവരങ്ങൾ, തസ്തിക, മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി ചെയ്യുന്ന ഓഫീസ്, മരിച്ച തൊഴിലാളിക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ, മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നതായിരുന്നു ബോബന്‍റെ ചോദ്യം.
ഈ ചോദ്യത്തിനാണ് ചോദ്യം വ്യക്തമല്ലെന്ന
മറുപടി ലഭിച്ചത്. ഇവയിൽ ഏതാണ് വ്യക്തമല്ലാത്തത് എന്നാണ് ബോബൻ മാട്ടുമന്തയുടെ ചോദ്യം. ചോദ്യത്തിലെ ഓരോ വാക്കുകളുടെയും അർത്ഥം വിശദീകരിച്ച് ബോബൻ അപ്പീൽ അതോറിറ്റിക്ക് ഒരു കത്തും എഴുതി. വിവരാവകാശനിയമത്തെ ലാഘവത്തോടെ കാണുന്നെന്നാണ് ബോബന്‍റെ പരാതി.