സഞ്ജുവിനെ ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചയുടൻ തന്നെ ആരാധകർ ബിസിസിഐക്കെതിരെ രംഗത്തെത്തിയിരുന്നു. മുഹമ്മദ് ഷമിയെ സ്റ്റാൻഡ് ബൈ പ്ലെയറാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

സമീപകാലത്തായി മികച്ച ഫോമിലുള്ള സഞ്ജുവിന് പകരം റിഷഭ് പന്തിനെയും ദിനേശ് കാർത്തികിനെയും ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് സഞ്ജു എന്നാണ് ആരാധകർ പറയുന്നത്. അതിനുള്ള തെളിവുകളാണ് അവർ നിരത്തുന്നത്.

നിലവിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരുടെ പ്രകടനം പരിശോധിച്ചാൽ ടി20യിൽ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി സഞ്ജുവാണെന്ന് ആരാധകർ പറയുന്നു. 44.75 ആണ് സഞ്ജുവിന്‍റെ ശരാശരി. എന്നാൽ പന്തിന്‍റെയും കാർത്തികിന്‍റെയും ശരാശരി യഥാക്രമം 24.25 ഉം 21.44 ഉം ആണ്. സ്ട്രൈക്ക് റേറ്റിലും സഞ്ജു മുന്നിലാണ്.