3 -1 ന് ലെൻസിനെതിരെ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി പിഎസ്‌ജി
പാരീസ്: നിലവിലെ ചാമ്പ്യൻമാരായ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് വണ്ണിൽ സീസണിലെ ആദ്യ തോൽവി. ലെൻസ് ആണ് പി.എസ്.ജിയെ അട്ടിമറിച്ചത്. മത്സരത്തിൽ ലെൻസ് 3-1ന് വിജയിച്ചു. ലയണൽ മെസിയും നെയ്മറും പി.എസ്.ജിക്ക് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങിയില്ല. ലോകകപ്പ് ഹീറോ കിലിയൻ എംബാപ്പെ കളിച്ചിട്ടും ടീമിന് വിജയം നേടാനായില്ല.
ലെൻസിനുവേണ്ടി ഫ്രാങ്കോവ്സ്കി, ലോയിസ് ഒപെന്‍ഡ, അലെക്‌സി ക്ലൗഡെ മൗറിസ് എന്നിവർ ഗോൾ നേടിയപ്പോൾ ഹ്യൂഗോ എക്കിടിറ്റെ പി.എസ്.ജിക്കായി ഒരു ആശ്വാസ ഗോൾ നേടി.
2022 മാർച്ച് 20ന് ശേഷം ഇതാദ്യമായാണ് പി.എസ്.ജി ഒരു മത്സരം തോൽക്കുന്നത്. തോറ്റെങ്കിലും 17 കളികളിൽ നിന്ന് 14 ജയം സ്വന്തമാക്കി 44 പോയിന്‍റുമായി പി.എസ്.ജിയാണ് ഒന്നാം സ്ഥാനത്ത്. ജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്‍റുമായി ലെൻസ് രണ്ടാം സ്ഥാനത്ത് തുടരുന്നു. നിലവിലെ കിരീടപ്പോരാട്ടത്തിൽ പി.എസ്.ജി ക്കുള്ള ഏക ഭീഷണിയാണ് ലെൻസ്.