നഗര വികസനത്തിന് പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതികൾ വരുമെന്ന് മുഖ്യമന്ത്രി

കൊച്ചി: നഗര രൂപകൽപ്പനയിലെ പുതിയ പ്രവണതകൾ കണക്കിലെടുത്ത് ഭാവിയിൽ നഗരവികസനം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ നഗര പ്രദേശങ്ങളുടെ വികസനത്തിനായി സജീവമായി നിക്ഷേപം ക്ഷണിക്കുകയാണ്. നഗരവികസനത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിരവധി പദ്ധതികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ) സംഘടിപ്പിച്ച ദേശീയ നഗരവികസന കോൺക്ലേവ് ‘ബോധി 2022’ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരവികസന പദ്ധതികളിൽ ലാൻഡ് പൂളിംഗ് ഉൾപ്പെടെയുള്ള നൂതന സമീപനങ്ങൾ നടപ്പാക്കണം. ഇതുവഴി നിയമപരമായ സങ്കീർണതകളും സർക്കാരിനുള്ള സാമ്പത്തിക ബാധ്യതയും ഒഴിവാക്കാനാകും. 2016ലെ കേരള ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആക്ടിൽ ഇതിനുള്ള വ്യവസ്ഥകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.