പൊതുമേഖലാ ബാങ്ക്: എം.ഡിക്കും സി.ഇ.ഒയ്ക്കും ഇനി പത്ത് വർഷം കാലാവധി

പൊതുമേഖലാ ബാങ്കുകളുടെ മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ പദവികളുടെ കാലാവധി നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് 10 വർഷമാക്കി കേന്ദ്രസർക്കാർ. വൈദഗ്ദ്ധ്യമുള്ളവരുടെ സേവനത്തുടർച്ച ഉറപ്പാക്കാനാണിത്. ഇനി മുതൽ പരമാവധി 10 വർഷമോ വിരമിക്കൽ പ്രായപരിധിയായ 60 വയസ് തികയുന്നത് വരെയോ (ഏതാണോ ആദ്യം) പദവിയിൽ തുടരാൻ ബാങ്ക് മേധാവികൾക്ക് കഴിയും.

പുതിയ ഭേദഗതി ബാങ്കുകളുടെ മുഴുവൻസമയ ഡയറക്‌ടർമാർക്കും ബാധകമാണ്. അതേസമയം മാനേജിംഗ് ഡയറക്‌ടർ, സി.ഇ.ഒ, മുഴുവൻസമയ ഡയറക്‌ടർമാർ എന്നിവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും അവരെ ഒഴിവാക്കാനും നാഷണലൈസ്ഡ് ബാങ്ക്സ് (മാനേജ്‌മെന്റ് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ്) അമെൻഡ്‌മെന്റ് സ്കീം-2022 എന്ന പുതിയ ഭേദഗതി സർക്കാരിനെ അനുവദിക്കുന്നുണ്ട്.