താരമായി ‘പുലി ഗോപാലൻ’; ആശുപത്രിയിൽ ആരാധക പ്രവാഹം
അടിമാലി: മാങ്കുളത്തെ പുലി ഗോപാലനെ കാണാൻ ആരാധകർ ഒഴുകിയെത്തുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന ഗോപാലനെ കാണാൻ നിരവധി പേരാണ് എത്തുന്നത്. ഗോപാലൻ വീട്ടിലേക്ക് മടങ്ങുമ്പോൾ നാട്ടുകാർ അദ്ദേഹത്തിന് സ്വീകരണവും ഒരുക്കുന്നുണ്ട്.
നിരവധി സമ്മാനങ്ങളുമായാണ് ആളുകൾ ഗോപാലനെ കാണാൻ ആശുപത്രിയിലേക്ക് എത്തുന്നത്. ചിലർ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്സ് അസോസിയേഷൻ ആശുപത്രി സന്ദർശിച്ച് ജിം കോർബറ്റ് പുരസ്കാരവും ഗോപാലന് നൽകി. 10,001 രൂപയാണ് സമ്മാനത്തുക. നാട്ടുകാർ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ പ്രശംസാപത്രവും ഫലകവും വിതരണം ചെയ്യും.
രാഷ്ട്രീയ കിസാൻ മഹാസംഘിന്‍റെ കർഷക വീരശ്രീ അവാർഡും ഗോപാലന് പ്രഖ്യാപിച്ചിട്ടുണ്ട്. ‘കിഫ’യുടെ ലീഗൽ സെൽ സൗജന്യ നിയമസഹായവും ഗോപലന് ഉറപ്പു നൽകിയിട്ടുണ്ട്. നിലവിൽ സർക്കാരാണ് ഗോപാലന്റെ ആശുപത്രി ചിലവുകൾ വഹിക്കുന്നത്. ആദ്യ ഘട്ടത്തിലെ തുക കഴിഞ്ഞ ദിവസം വനം വകുപ്പ് അദ്ദേഹത്തിന് നൽകിയിരുന്നു. കൂടുതൽ ചിലവ് ആവശ്യമായി വന്നാൽ അതും വഹിക്കാൻ തയ്യാറാണെന്ന് ഡിഎഫ്ഒ ജയചന്ദ്രൻ ഗോപാലനെ അറിയിച്ചിരുന്നു.