തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിക്കളി; ഇറങ്ങുന്നത് ഇരുനൂറ്റിയമ്പതിലേറെ പുലികള്‍

തൃശ്ശൂർ നഗരത്തിൽ ഇന്ന് പുലിക്കളി അരങ്ങേറും. ഇത്തവണ അഞ്ച് ഗ്രൂപ്പുകളാണ് പുലിക്കളിയുടെ ഭാഗമാകുക. സ്വരാജ് റൗണ്ട് കീഴടക്കാൻ 250 ലധികം പുലികൾ ഇന്ന് എത്തും. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി പുലിക്കളി ഉണ്ടായിരുന്നില്ല. ഇത്തവണ കൂടുതൽ ആളുകൾ എത്തുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വലിയ പൊലീസ് സന്നാഹമുണ്ട്.

പുലികളുടെ മേനിയിലേക്ക് ചായം പകരുന്നത് നേരം വെളുക്കുന്നതിനുമുമ്പ് ആരംഭിച്ചു. കാനാട്ടുകര, അയ്യന്തോള്‍, പൂങ്കുന്നം, വിയ്യൂര്‍, ശക്തന്‍ ദേശങ്ങൾ ഇത്തവണ പുലിക്കളിയുടെ ഭാഗമാണ്. ഉച്ചയോടെ തട്ടകത്ത് നിന്ന് പുറപ്പെടുന്ന 250 ഓളം പുലികൾ വൈകുന്നേരം നാല് മണി മുതൽ സ്വരാജ് റൗണ്ടിൽ പ്രവേശിച്ച് തുടങ്ങും.

നിശ്ചലദൃശ്യങ്ങൾ പുലിക്കളി കളിക്കുന്ന സംഘങ്ങളെ അനുഗമിക്കും. കോർപ്പറേഷൻ ട്രോഫികൾ മികച്ച ടീമിന് സമ്മാനിക്കും. ഈ വർഷം പ്രാതിനിധ്യം കുറഞ്ഞെങ്കിലും പുലിക്കളി സംഘങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ അടുത്ത തവണ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.