സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിങ് സംവിധാനം; കോട്ടയം-എറണാകുളം തീവണ്ടി യാത്രയ്ക്ക് വൻ തിരക്ക്

ഏറ്റുമാനൂർ: സർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നതോടെ കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിൻ യാത്രക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വേണാടിൽ യാത്ര ചെയ്താൽ സമയ ബന്ധിതമായി എത്തുമെന്ന് ഉറപ്പില്ലാത്തതിനാൽ എല്ലാ ജീവനക്കാരും പാലരുവി എക്സ്പ്രസിലേക്ക് മാറിയതോടെയാണ് തിരക്ക് വർദ്ധിച്ചത്.

രാവിലെ 6.25ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06444 കൊല്ലം-എറണാകുളം മെമു, 7.05ന് കോട്ടയത്തെത്തുന്ന ട്രെയിൻ നമ്പർ 16791 തിരുനെൽവേലി-പാലക്കാട് പാലരുവി എന്നിവയെ മാത്രമാണ് ഇപ്പോൾ യാത്രക്കാർ ആശ്രയിക്കുന്നത്. എന്നാൽ പാലരുവിയും വേണാടും തമ്മിൽ ഒന്നര മണിക്കൂർ ഇടവേളയുണ്ട്. ഇതോടെ പാലരുവിക്കും വേണാടിനും ഇടയിൽ കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് മെമു സർവീസ് ആരംഭിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുകയാണ്.

ഇരട്ടപ്പാതയുമായി ബന്ധപ്പെട്ട് വേണാടിന്‍റെ സമയക്രമം പുനഃക്രമീകരിച്ചതും ഇവിടെ നിന്നുള്ള യാത്രക്കാരെ ബാധിച്ചിട്ടുണ്ട്.