ഒറ്റയ്ക്ക് ഷോപ്പിംഗിന് പോയതിന് ശിക്ഷ; അഫ്ഗാന്‍ സ്ത്രീകള്‍ക്ക് ക്രൂരമായ ചാട്ടവാറടി

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ സ്ത്രീകളെ പരസ്യമായി ചാട്ടവാര്‍ കൊണ്ട് തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ശബ്‌നം നസിമി എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിൽ നിന്നുള്ളതാണെന്നാണ് റിപ്പോർട്ടുകൾ.

പുരുഷൻമാരുടെ പിന്തുണയില്ലാതെ സ്ത്രീകൾ കടകളിൽ പോകുന്നത് വിലക്കുന്ന താലിബാൻ നിയമം ലംഘിച്ചതിനാണ് സ്ത്രീകളെ മർദ്ദിച്ചത്. താലിബാൻ ഭരണത്തിന് കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ നരകയാതന അനുഭവിക്കുകയാണെന്നും നമ്മൾ കണ്ണടയ്ക്കരുതെന്നും ശബ്നം നസീമി വീഡിയോയ്ക്കൊപ്പം കുറിച്ചു.

മോഷണത്തിനും സദാചാര കുറ്റകൃത്യങ്ങൾക്കും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഫ്ഗാൻ കോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ ബുധനാഴ്ച മൂന്ന് സ്ത്രീകളെയും 11 പുരുഷൻമാരെയും ചാട്ടവാറടിക്ക് വിധേയരാക്കിയ വാർത്ത പുറത്തുവന്നിരുന്നു.