ജാതിപ്പേരിലറിയപ്പെട്ട 56 സ്‌കൂളുകൾ പുനർനാമകരണം ചെയ്ത് പഞ്ചാബ് സര്‍ക്കാര്‍
ചണ്ഡീഗഡ്: ജാതിയുടെ പേരിലോ ഒരു പ്രത്യേക വിഭാഗത്തിന്‍റെ പേരിലോ അറിയപ്പെട്ടിരുന്ന 56 സ്കൂളുകളുടെ പേര് പഞ്ചാബ് സർക്കാർ പുനർനാമകരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ഹര്‍ജോത് സിംഗ് ബെയ്ന്‍സിന്‍റെ ഉത്തരവിനെ തുടർന്ന് പ്രൈമറി, ഹൈസ്കൂളുകൾ ഉൾപ്പെടെ 56 സർക്കാർ സ്കൂളുകളുടെ പേരുകൾ പുനർനാമകരണം ചെയ്തു. സ്കൂളുകൾ സ്ഥിതി ചെയ്യുന്ന ഗ്രാമം, പ്രശസ്ത വ്യക്തികൾ, പ്രാദേശിക നായകർ, രക്തസാക്ഷികൾ എന്നിവരുടെ പേരിലാണ് ഇനി സ്കൂളുകൾ അറിയപ്പെടുക.
ജാതിപ്പേരുകളുള്ള സ്കൂളുകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോടും സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. പട്യാല ജില്ലയിലെ പന്ത്രണ്ട്, മൻസയിലെ ഏഴ്, നവൻഷഹറിലെ ആറ്, സംഗ്രൂർ, ഗുർദാസ്പൂർ എന്നിവിടങ്ങളിൽ നാല് വീതം, ഫത്തേഗഡ് സാഹിബ്, ബതിൻഡ, ബർണാല, മുക്ത്സർ എന്നിവിടങ്ങളിലെ മൂന്ന് സ്കൂളുകൾ തുടങ്ങിയവ ഡിസംബർ 26 ന് പുനർനാമകരണം ചെയ്തു.
ഡിസംബർ ഒന്നിന് പഞ്ചാബ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഹർജോത് സിംഗ് ബെയ്ൻസ് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളുടെയും പേർ മാറ്റാൻ ഉത്തരവിട്ടിരുന്നു. ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് ഘടകം സർക്കാരിൻ്റെ നീക്കത്തെ സ്വാഗതം ചെയ്തു.