പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; റിജിൽ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ സീനിയർ മാനേജർ എം പി റിജിലിനെ കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കോർപ്പറേഷന്റെ ഉൾപ്പെടെ 17 ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപ തട്ടിയെടുത്ത കേസിൽ കഴിഞ്ഞ ദിവസമാണ് റിജിലിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിക്കുന്ന 20ന് റിജിലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കും.

ഏരിമലയിലെ ബന്ധുവീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം റിജിലിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോർപ്പറേഷന് നഷ്ടപ്പെട്ട 10.07 കോടി രൂപ തിരികെ നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ കോഴിക്കോട് ലിങ്ക് റോഡ് ബ്രാഞ്ചിലെ മുൻ സീനിയർ മാനേജരും നിലവിൽ എരഞ്ഞിപ്പാലം ശാഖയിലെ സീനിയർ മാനേജറുമായ റിജിലിനെ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതിൽ 12.68 കോടി രൂപ പൂർണമായും നഷ്ടപ്പെട്ടതായി കണ്ടെത്തി. നഷ്ടമായതിൽ 12.60 കോടി കോഴിക്കോട് കോർപറേഷൻ്റെ 8 അക്കൗണ്ടുകളിൽ നിന്നും, ബാക്കി മറ്റ് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടിൽ നിന്നുമുള്ളതായിരുന്നു.