പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; പണം കൊണ്ട് വീട് പണിതതായി റിജിൽ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്‍റെ അക്കൗണ്ടിലെ പണം തട്ടിയ കേസിൽ അറസ്റ്റിലായ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എം.പി റിജിലിന്‍റെ (31) മൊഴി രേഖപ്പെടുത്തി. മോഷ്ടിച്ച പണം ഉപയോഗിച്ച് വീട് നിർമ്മിച്ചെന്നാണ് മൊഴി. ഭവനവായ്പയായി എടുത്ത 50 ലക്ഷം രൂപ ഓഹരി വിപണിയിൽ നഷ്ടമായപ്പോഴാണ് തട്ടിപ്പ് നടത്തിയതെന്ന് മൊഴിയിൽ പറയുന്നു. ഇയാളുടെ അക്കൗണ്ടിൽ ഏഴ് ലക്ഷം രൂപയുണ്ട്. ബാക്കി പണം സ്റ്റോക്ക് മാർക്കറ്റിൽ നഷ്ടപ്പെട്ടതായി റിജിൽ പൊലീസിനോട് പറഞ്ഞു.
കോഴിക്കോട് കോർപ്പറേഷനിൽ ഉൾപ്പെടെ 17 അക്കൗണ്ടുകളിൽ നിന്നായി 12.68 കോടി രൂപയാണ് റിജിൽ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസമാണ് എരിമലയിലെ ബന്ധുവീട്ടിൽ നിന്ന് റിജിലിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. കോർപ്പറേഷന് നഷ്ടമായ 10.07 കോടി രൂപ തിരികെ നൽകാൻ പഞ്ചാബ് നാഷണൽ ബാങ്ക് ഡയറക്ടർ ബോർഡ് തീരുമാനിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി തുടരന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് റിജിലിനെ ബാങ്കിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.