റിലീസ് വാര്‍ഷികത്തിൽ ‘പുഷ്‌പ’ കേരളത്തിൽ റീ റിലീസ് ചെയ്യുന്നു

തിരുവനന്തപുരം: ഹോളിവുഡിൽ ഏറ്റവും വിജയകരമായ ചില ചിത്രങ്ങൾ വാർഷികത്തിലും മറ്റും തിയേറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുന്നത് അസാധാരണമല്ല. എന്നാൽ ഇന്ത്യൻ സിനിമയിൽ അത് സാധാരണമല്ല. ഇപ്പോഴിതാ ഒരു ദക്ഷിണേന്ത്യൻ ചിത്രം റിലീസ് ചെയ്തതിന്‍റെ ഒന്നാം വാർഷികത്തിൽ വീണ്ടും തിയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ ദി റൈസ് വീണ്ടും തിയേറ്ററുകളിലെത്തും. റിലീസ് ചെയ്തതിന്‍റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ചിത്രം കേരളത്തിൽ വീണ്ടും റിലീസ് ചെയ്യും.

കേരളത്തിൽ ചിത്രം വിതരണം ചെയ്ത ഇ4 എന്‍റർടെയ്ൻമെന്‍റ് ഡിസംബർ 17ന് ‘പുഷ്പ 1’ കേരളത്തിലെ തിയേറ്ററുകളിൽ റീ റിലീസ് ചെയ്യും. മലയാളം പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. വിവരം അറിയിച്ച് വിതരണക്കാർ ഒരു പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള അല്ലു അർജുന്‍റെ ആരാധകർ സോഷ്യൽ മീഡിയയിൽ ഇത് ആഘോഷിക്കുകയാണ്.

അല്ലു അർജുൻ നായക വേഷത്തിൽ അഭിനയിച്ച പുഷ്പ കഴിഞ്ഞ വർഷത്തെ ഇന്ത്യൻ റിലീസുകളിലെ ഏറ്റവും ശ്രദ്ധേയമായ ഹിറ്റുകളിലൊന്നായിരുന്നു. ഫഹദ് ഫാസിൽ പ്രതിനായകനായെത്തിയ ചിത്രത്തിൽ രശ്മിക മന്ദാനയായിരുന്നു നായിക. കോവിഡ് മഹാമാരിക്ക് ശേഷവും ബോളിവുഡ് സിനിമകളുടെ പരാജയം തുടർന്നപ്പോൾ, പുഷ്പയുടെ ഹിന്ദി പതിപ്പ് 200 കോടി ക്ലബിൽ ഇടം നേടി. നേരത്തെ രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയായി പ്രഖ്യാപിച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.