2 റഷ്യക്കാരുടെ മരണത്തിന് പിന്നാലെ പുട്ടിന്‍ വിമർശകനെ കാണാതായി

ഭുവനേശ്വർ: റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിന്‍റെ കടുത്ത വിമർശകനായ എം പി പാവൽ അന്‍റോവ് (66), സഹയാത്രികൻ വ്ളാഡിമിർ ബിഡെനോവ് എന്നിവരെ ഒഡീഷയിലെ ഒരു ഹോട്ടലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു പുടിൻ വിമർശകനെ കാണാതായി. യുക്രൈൻ യുദ്ധവിരുദ്ധ പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാൾക്കായി ഒഡീഷ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഒരു മാസം മുമ്പ് ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ വച്ച് ‘ഞാൻ റഷ്യൻ അഭയാർഥിയാണ്. ഞാൻ യുദ്ധത്തിന് എതിരാണ്. ഞാൻ പുട്ടിന് എതിരാണ്. ഞാൻ ഭവനരഹിതനാണ്. ദയവായി എന്നെ സഹായിക്കൂ’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ചാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ആന്റോവിന്റെയും ബിഡെനോവിന്‍റെയും മരണത്തെ തുടർന്ന് പ്ലക്കാർഡ് പിടിച്ച് നിൽക്കുന്ന ഇയാളുടെ ചിത്രം വൈറലായിരുന്നു.

ചില യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഇയാളെ സമീപിച്ച് വിവരങ്ങൾ ആരാഞ്ഞു. പാസ്പോർട്ടും വിസയും പരിശോധിച്ചപ്പോൾ ഇവ ശരിയാണെന്ന് കണ്ടെത്തി. ഇംഗ്ലീഷ് പരിചിതമല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ ചോദിക്കാൻ കഴിഞ്ഞില്ലെന്ന് ഭുവനേശ്വർ റെയിൽവേ സ്റ്റേഷന്‍റെ ഇൻസ്പെക്ടർ ഇൻചാർജ് ജയദേവ് ബിശ്വജിത് പറഞ്ഞു.