ആക്രമണം തുടരുമ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പുടിന്‍

മോസ്കോ / കീവ്: യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്ന് യുക്രെയ്നെതിരായ സൈനിക നടപടികൾ എത്രയും വേഗം അവസാനിപ്പിക്കാൻ താൽപര്യം പ്രകടിപ്പിച്ച റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കി. അതേസമയം, റഷ്യയും യുക്രെയ്നും ക്രിസ്മസ് ദിനത്തിലും തലസ്ഥാനമായ കീവിൽ മിസൈൽ ആക്രമണം തുടർന്നു.

സ്വീകാര്യമായ പരിഹാരങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷേ അത് യുക്രൈനെ ആശ്രയിച്ചിരിക്കുന്നു. തങ്ങൾ ചർച്ച ചെയ്യാൻ വിസമ്മതിക്കുന്നവരല്ലെന്നും അഭിമുഖത്തിൽ പുടിൻ ആവർത്തിച്ചു. കഴിഞ്ഞ ദിവസവും തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറായെന്നും എന്നാല്‍ യുക്രെയ്ൻ തടസം നിന്നെന്നും പുടിന്‍ അവകാശപ്പെട്ടിരുന്നു. എന്നാൽ റഷ്യയ്ക്കാണ് ചർച്ച ആവശ്യമില്ലാത്തതെന്നും പുടിൻ യാഥാർത്ഥ്യത്തിലേക്ക് തിരിച്ച് വരണമെന്നും സെലെൻസ്കിയുടെ ഉപദേഷ്ടാവ് തിരിച്ചടിച്ചു. 

യുക്രെയ്നിലെ ഉന്നത സൈനിക കമാൻഡിന്‍റെ റിപ്പോർട്ട് പ്രകാരം ഖാർകിവ് മേഖലയിലെ കുപിയാൻസ്ക് ജില്ലയിൽ ഇന്നലെ മാത്രം പത്തിലധികം റോക്കറ്റ് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. കുപിയാൻസ്ക്-ലൈമാൻ മേഖലയിലെ 25 നഗരങ്ങളിൽ റഷ്യ ഷെല്ലാക്രമണം തുടരുകയാണെന്നും യുക്രെയ്ൻ അവകാശപ്പെട്ടു. വൈദ്യുതി നിലയങ്ങൾക്ക് നേരെ റഷ്യ ആക്രമണം ശക്തമാക്കിയതിനാൽ യുക്രെയ്നിലെ മിക്ക പ്രദേശങ്ങളും ക്രിസ്മസ് ദിനത്തിൽ ഇരുട്ടിൽ ആയിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്.