ലോകകപ്പ് കാലത്ത് മികച്ച പ്രകടനവുമായി ഖത്തർ എയർവേയ്സ്
ദോഹ: ഒരു മാസം കൊണ്ട് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ഖത്തർ എയർവേയ്സ് 14,000 സർവീസുകൾ നടത്തി. ലോകകപ്പ് ജേതാക്കളായ അർജന്‍റീനയ്ക്ക് പ്രത്യേക മെഡലുകളും വ്യക്തിഗത അവാർഡുകളും സമ്മാനിച്ചാണ് ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയത്.
ഫിഫയുടെയും ലോകകപ്പ് യാത്രകളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളി എന്ന നിലയിൽ, നിരവധി പ്രാദേശിക, അന്തർദ്ദേശീയ പരിപാടികളും ഓൺബോർഡ് ഫുട്ബോൾ തീം ആക്ടിവേഷനും ഖത്തർ എയർവേയ്‌സ് ഒരുക്കി. യാത്രക്കാരെ ഫുട്ബോളിന്‍റെ ആവേശം ആസ്വദിക്കാൻ സഹായിച്ച പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
അൽബിദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവലിൽ സ്ഥാപിച്ച ഖത്തർ എയർവേയ്സ് സ്കൈഹൗസ് 18 ലക്ഷത്തിലധികം ഫുട്ബോൾ ആരാധകർ സന്ദർശിച്ചു. നെയ്മർ ചലഞ്ച്, ക്യുവേഴ്‌സ് എക്സ്പീരിയൻസ്, സ്വിംഗ് ദി വേൾഡ്, ഫൂസ്ബോൾ, ഫെയ്സ് പെയിന്‍റിംഗ് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിരുന്നു.