ലോകകപ്പില്‍ നിന്ന് ഏറ്റവും വേഗത്തിൽ പുറത്താകുന്ന ആതിഥേയ ടീമായി ഖത്തര്‍

ദോഹ: 2022 ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഖത്തർ മാറി. ഗ്രൂപ്പ് എയിൽ നെതർലൻഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെ ആതിഥേയർക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങി. ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയര്‍ കൂടിയാണ് ഖത്തർ.

നെതർലൻഡ്സിനും ഇക്വഡോറിനും രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റ് വീതമുണ്ട്. ഖത്തറിന് ഇതുവരെ ഒരു പോയിന്‍റും നേടാൻ കഴിഞ്ഞിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളും ടീം തോറ്റു. ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ചാലും ഖത്തറിന് പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കില്ല.

നെതർലൻഡ്സും ഇക്വഡോറും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് വിജയത്തോടെയാണ്. നെതർലൻഡ്സ് സെനഗലിനെയും ഇക്വഡോർ ഖത്തറിനെയും തോൽപ്പിച്ചു. സെനഗലിന് രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്‍റുണ്ട്. ഗ്രൂപ്പ് എയിൽ നിന്ന് ആരാണ് പ്രീക്വാർട്ടറിലെത്തുകയെന്ന് അവസാന മത്സരങ്ങൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ.