സൗജന്യമായി അറബി പഠിക്കാൻ വിദേശികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുമായി ഖത്തര്‍ യൂണിവേഴ്‌സിറ്റി

ദോഹ: ഖത്തർ സർവകലാശാല വിദേശികൾക്ക് സൗജന്യമായി അറബിക് പഠിക്കാൻ ഓൺലൈൻ കോഴ്സ് ആരംഭിച്ചു. തുടക്കത്തിൽ അറബിക് ഫോര്‍ നോണ്‍ അറബിക് സ്പീക്കേഴ്‌സ് കോഴ്‌സ്, ഹ്യൂമന്‍ ബീയിങ് ഇന്‍ ഇസ്ലാം കോഴ്‌സ്, ഖത്തര്‍ ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് കോഴ്‌സ് എന്നിങ്ങനെ മൂന്ന് ഓൺലൈൻ കോഴ്സുകളാണ് ഉണ്ടാവുക.

2019 ലെ അമീരി ഓർഡർ പ്രകാരം അറബി ഭാഷയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിയമം നമ്പർ 7 അനുസരിച്ച് അറബി ഭാഷയെ പിന്തുണയ്ക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള രാജ്യത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഖത്തർ യൂണിവേഴ്സിറ്റിയുടെ അറബിക് ഫോർ നോൺ നേറ്റീവ് സ്പീക്കർസ് സെന്‍റർ 35 ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അറബിക് പഠിക്കാൻ വാഗ്ദാനം ചെയ്യുന്നു.

തദ്ദേശീയരല്ലാത്തവരെ അറബി പഠിപ്പിക്കാൻ വിദഗ്ദ്ധ ഫാക്കൽറ്റി അംഗങ്ങളുടെ ഒരു എലൈറ്റ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ഓൺലൈനായി അറബിക് പഠിക്കണമെന്ന ആവശ്യം വർധിച്ചുവരുന്നത് കണക്കിലെടുത്താണ് കോഴ്സുകൾ ആരംഭിക്കുന്നത്. കോഴ്സുകൾ പ്രഖ്യാപിച്ചതിന് ശേഷം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 600 പേർ രജിസ്റ്റർ ചെയ്തതായി ഖത്തർ സർവകലാശാല അറിയിച്ചു.