‘ആപ്പിള്‍’ ഉടമകൾക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ദോഹ: ഐഫോണ്‍ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങളുടെ ഉപയോക്താക്കൾക്ക് ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി പ്രത്യേക മുന്നറിയിപ്പ് നൽകി. സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആപ്പിളിന്‍റെ ഉപകരണങ്ങൾ ഏറ്റവും പുതിയ ഐഒഎസ് പതിപ്പ്, 15.6.1 ലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. ആപ്പിളിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അടുത്തിടെ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

ഐഫോണുകൾ, ഐപാഡുകൾ, മാക് എന്നിവയിൽ ഗുരുതരമായ സുരക്ഷാ പ്രശ്നം കണ്ടെത്തിയിട്ടുണ്ടെന്നും സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ ഹാക്കർമാർക്ക് ഈ ഉപകരണങ്ങളുടെ പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ആപ്പിൾ കഴിഞ്ഞ ആഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഈ സുരക്ഷാ പ്രശ്നം മറികടക്കാൻ ആപ്പിൾ പുതിയ അപ്ഡേറ്റുകൾ പുറത്തിറക്കിയതായി ഖത്തർ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി സോഷ്യൽ മീഡിയയിൽ അറിയിച്ചു.

എത്രയും വേഗം തന്നെ ആപ്പിള്‍ ഉപകരണങ്ങള്‍ അപ്‍ഡേറ്റ് ചെയ്യണമെന്ന് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരും അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ അപ്‍ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്‍തിട്ടില്ലാത്ത ആപ്പിള്‍ ഉകരണങ്ങളില്‍ ഹാക്കര്‍മാര്‍ക്ക് പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ സാധിക്കുമെന്നുാണ് വിദഗ്ധരുടെ അഭിപ്രായം.