എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾ ‘ഓപ്പറേഷൻ യൂണികോൺ’പ്രകാരം

ലണ്ടൻ: സ്കോട്ട്ലൻഡിലെ ബാൽമോറൽ കൊട്ടാരത്തിലെ ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തോടെ മരണാനന്തര നടപടികളിലും മാറ്റം. ബ്രിട്ടീഷ് രാജ്ഞിയുടെ മരണം സംഭവിച്ചാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. 1960 ൽ തന്നെ ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശം തയ്യാറാക്കിയതായാണ് വിവരം. കഴിഞ്ഞ വർഷമാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ഇതനുസരിച്ച് ‘ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ’ എന്ന
രഹസ്യനാമത്തിലാണ് നടപടികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്ത് എവിടെയെങ്കിലും വെച്ച് മരണം സംഭവിക്കുകയാണെങ്കിൽ പാലിക്കേണ്ട നടപടിക്രമങ്ങളും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, സ്കോട്ട്ലൻഡിൽ വെച്ച് ബ്രിട്ടീഷ് രാജ്ഞി മരണപ്പെട്ടതോടെ ‘ഓപ്പറേഷൻ യൂണികോൺ’ എന്ന് വിളിക്കപ്പെടുന്ന നടപടിക്രമങ്ങൾ ആണ് പിന്തുടരുക.

സ്കോട്ട്ലൻഡിന്‍റെ ദേശീയ മൃഗമാണ് യൂണികോൺ. ഇംഗ്ലണ്ടിലെ ദേശീയ ചിഹ്‍നമായ സിംഹത്തോടൊപ്പം രാജകീയ അങ്കിയുടെ ഭാഗവുമാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ മരണശേഷം ‘ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ’ എന്ന മാർഗരേഖ സജീവമായിരുന്നു. ഇതനുസരിച്ച്, മരണം സ്ഥിരീകരിച്ചുകഴിഞ്ഞാൽ, രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് ‘ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ’ എന്നാണ് പറയേണ്ടത്. ഈ മാർഗരേഖ അനുസരിച്ച് യുകെയിൽ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടുകയും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ വെബ്സൈറ്റിൽ കറുത്ത പശ്ചാത്തലത്തിൽ മരണവിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നൽകുകയും ചെയ്‌തു. യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) വിവരങ്ങൾ പുറത്തുവിടുകയും ബിബിസി അവതാരകൻ കറുപ്പ് ധരിക്കുകയും ചെയ്‌തു. എന്നാൽ പുതിയ നടപടിക്രമം നിലവിൽ വന്നതോടെ സംസ്‌കാര ചടങ്ങുകൾ ‘ഓപറേഷൻ യൂണികോൺ’ പ്രകാരമാകും നടക്കുക.

എഡിൻബർഗ് പാർലമെന്‍റിന്‍റെ ഓൺലൈൻ പേപ്പറുകളിലാണ് ‘ഓപ്പറേഷൻ യൂണികോൺ’ എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്ന് ഹെറാൾഡ് പത്രം റിപ്പോർട്ട് ചെയ്തു. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബ്രിട്ടീഷ് രാജ്ഞി സ്കോട്ട്ലൻഡിലായിരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നതെങ്കിൽ, പാർലമെന്‍റ്, എഡിൻബർഗിലെ രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ഹോളി റൂഡ്ഹൗസ് കൊട്ടാരം, സെന്‍റ് ഗൈൽസ് കത്തീഡ്രൽ എന്നിവ പ്രധാന കേന്ദ്രങ്ങളായിരിക്കുമെന്ന് ദി ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. സ്കോട്ടിഷ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മധ്യകാല പള്ളികളിലൊന്നാണ് സെന്‍റ് ഗൈൽസ് കത്തീഡ്രൽ. ‘ഓപറേഷൻ യൂണികോൺ’ പ്രകാരം ബ്രിട്ടീഷ് രാജ്ഞിയുടെ ഭൗതികശരീരം അന്ത്യകർമ്മങ്ങൾക്കായി ഹോളിവുഡ് ഹൗസ് പാലസിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്.