എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ രണ്ടാഴ്ചയ്ക്കകം

ലണ്ടൻ: ബ്രിട്ടീഷ് ചരിത്രത്തിലെ ഒരു യുഗത്തിന്‍റെ അന്ത്യത്തിൽ രാജ്യം വിലപിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മൃതദേഹം ലണ്ടനിൽ എത്തിച്ച് വെസ്റ്റ്മിൻസ്റ്റർ ഹാളിൽ നാല് ദിവസം പൊതുദർശനത്തിന് വയ്ക്കും. ഈ ഹാൾ കൊട്ടാരത്തിന്‍റെ ഏറ്റവും പുരാതനമായ ഭാഗമാണ്.

2002 ൽ രാജ്ഞിയുടെ മാതാവ് മരിച്ചപ്പോഴാണ് ഒടുവിൽ ഇവിടെ ഭൗതിക ശരീരം പൊതു ദർശനചടങ്ങു നടത്തിയത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് അന്ന് ഒഴുകിയെത്തിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിന്‍റെ മരം കൊണ്ടുള്ള മേൽക്കൂര 11-ാം നൂറ്റാണ്ടിലാണ് നിർമ്മിച്ചത്. രാജ്ഞിയുടെ ഭൗതിക ശരീരം വഹിക്കുന്ന പെട്ടി ഹാളിലെ തറയിൽ നിന്ന് ഉയർന്ന പ്രതലത്തിലാണ് സ്ഥാപിക്കുക. അതിന്‍റെ ഓരോ മൂലയിലും പട്ടാളക്കാർ കാവൽ നിൽക്കും. ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് സൈനികരും രാജകുടുംബാംഗങ്ങളും ഭൗതിക ശരീരത്തെ വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് അനുഗമിക്കും.

തെരുവോരങ്ങളിൽ നിന്ന് നിന്ന് ഭൗതികശരീരം ചുമന്നുകൊണ്ടുള്ള യാത്ര ആളുകൾക്ക് കാണാൻ കഴിയും. ലണ്ടനിലെ റോയൽ പാർക്കുകളിലെ വലിയ സ്ക്രീനുകളിലും പരിപാടി സംപ്രേഷണം ചെയ്യും. ശവമഞ്ചത്തിനു മുകളിൽ രാജപതാക വിരിക്കും. അതിനു മുകളിൽ കിരീടം, ചെങ്കോല്‍, ഓർബ് (കുരിശു ചിഹ്നം ഉള്ള ഗോളം) എന്നിവ സ്ഥാപിക്കും. ഇതിനു ശേഷമായിരിക്കും പൊതുജനങ്ങൾക്കു ഹാളിലേക്കു പ്രവേശനം. രണ്ടാഴ്ചയ്ക്കുള്ളിൽ വെസ്റ്റ്മിൻസ്റ്റർ ആബെയിൽ രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ബക്കിംഗ്ഹാം കൊട്ടാരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ട്.