ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിക്കുന്നു; പരാതിയുമായി സി പി എം നേതാക്കൾ
കോഴിക്കോട്: ക്വട്ടേഷൻ സംഘങ്ങൾ സി.പി.എമ്മിന് തലവേദനയാകുന്നു. ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയുടെ പേരിൽ പണം പിരിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നാണ് പരാതി. കോഴിക്കോട് താമരശ്ശേരിയിലെ സി.പി.എം നേതൃത്വമാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്തെത്തിയത്. പാർട്ടിയുടെ പേരിൽ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെടുകയാണെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്.
ക്വട്ടേഷൻ സംഘങ്ങൾ ചിലരോട് അഞ്ച് ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ ആവശ്യപ്പെട്ടതായാണ് വിവരം.
ഇത്തരക്കാർക്ക് പാർട്ടിയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇവരുടെ പേരുകൾ ഉടൻ പുറത്തുവിടുമെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.
പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിപിഎം നേതൃത്വം മുന്നറിയിപ്പ് നൽകി. സംഭവം നാട്ടിൽ വലിയ ചർച്ചാവിഷയമായ സാഹചര്യത്തിൽ പാർട്ടി നിലപാട് വിശദീകരിക്കാൻ താമരശ്ശേരിയിൽ സി.പി.എം ഉടൻ പൊതുയോഗം വിളിക്കും.