ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശം; എറണാകുളത്ത് നാളെ പ്രതിഷേധ മാർച്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ദിലീപ് അനുകൂല പരാമർശത്തിൽ പ്രതിഷേധിച്ച് നാളെ എറണാകുളത്ത് പ്രതിഷേധ മാർച്ച് നടത്തും. ശ്രീലേഖയ്ക്കെതിരെ പൊലീസ് കേസെടുക്കാത്തതിൽ ഒത്തുകളി നടന്നതായി സംശയിക്കുന്നതായി പരാതി നൽകിയ പ്രൊഫസർ കുസുമം ജോസഫ് പറഞ്ഞു. കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിവാദ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ റദ്ദാക്കാൻ സർക്കാർ തയ്യാറാകണമെന്നും കുസുമം ജോസഫ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നിരവധി നടിമാരെ ലൈംഗികമായി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി തനിക്ക് അറിയാമായിരുന്നെന്ന് ശ്രീലേഖ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തൃശൂർ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്റേയ്ക്ക് പരാതി നൽകിയത്. പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് ഒത്തുകളി സംശയിക്കുന്നെന്ന് പറഞ്ഞ് പ്രൊഫസർ കുസുമം ജോസഫ് രംഗത്തുവന്നത്. പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇവർ പറഞ്ഞു.

ഗൗരവകരമായ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ തടയാൻ സർക്കാർ തയ്യാറാവണം. യൂട്യൂബ് ചാനലിന്‍റെ പ്രവർത്തനം അവസാനിപ്പിക്കണം. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ ദിലീപിനെ രക്ഷിക്കാനുള്ള ഗൂഡാലോചനയുണ്ടെന്ന് സംശയിക്കുന്നതായി കുസുമം ജോസഫ് ആരോപിച്ചു.