പേവിഷബാധ; വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് കൈമാറി, മരിച്ചവരിൽ 15 പേർ കുത്തിവെപ്പെടുത്തില്ല
തിരുവനന്തപുരം: കേരളത്തിലെ പേവിഷബാധയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അന്തിമ റിപ്പോർട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറി. 2022 ജനുവരിക്കും സെപ്റ്റംബറിനും ഇടയിൽ പേവിഷബാധയേറ്റ് മരിച്ച 21 പേരുടെ മരണങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്തിയാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മരിച്ച 21 പേരിൽ 15 പേർ മൃഗങ്ങളുടെ കടിയേറ്റതിനെ അവഗണിച്ചതായും പ്രതിരോധ ചികിത്സ സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 6 വ്യക്തികൾക്ക് വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും നൽകിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ടുകൾ, ചെവികൾ, കൺപോളകൾ, കഴുത്ത്, കൈ വെള്ള എന്നിവയിൽ ഗുരുതരമായതും ആഴത്തിലുള്ളതുമായ കാറ്റഗറി 3 മുറിവുകളുണ്ട്. അതിനാൽ, കടിയേറ്റ സമയത്ത് റാബീസ് വൈറസ് ഞരമ്പുകളിൽ പ്രവേശിച്ചിരിക്കാമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
കേന്ദ്ര ലബോറട്ടറിയിൽ നടത്തിയ പരിശോധനകളിൽ വാക്സിനും ഇമ്മ്യൂണോഗ്ലോബുലിനും മികച്ച ഗുണനിലവാരമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ബംഗളൂരുവിലെ നിംഹാൻസിൽ നടത്തിയ പരിശോധനയിൽ, പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വ്യക്തികളിൽ പ്രതിരോധശേഷിക്ക് കാരണമാകുന്ന ആന്‍റിബോഡികളുടെ സാന്നിധ്യം ആവശ്യമായ അളവിൽ ഉണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.