സംസ്ഥാനത്ത് പേവിഷ പ്രതിരോധ കുത്തിവെപ്പ്; 20 മുതൽ തീവ്രയജ്ഞ പരിപാടി

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ സംസ്ഥാനത്തെ 170 ഹോട്ട്സ്പോട്ടുകളിൽ പേവിഷബാധയ്ക്കെതിരെ മുൻഗണനാക്രമത്തിൽ തെരുവുനായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനുള്ള തീവ്രയജ്ഞ പരിപാടി 20ന് ആരംഭിക്കും. ഒക്ടോബർ 20 വരെ തുടരാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു.

വളർത്തുമൃഗങ്ങളെ തെരുവുനായ്ക്കൾ കടിക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മൃഗസംരക്ഷണ വകുപ്പ് ഹോട്ട്സ്പോട്ട് തയ്യാറാക്കിയിരിക്കുന്നത്. അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി അടുത്ത മാസം ആദ്യവാരം മുതൽ നടപ്പാക്കും. 37 എ.ബി.സി സെന്‍ററുകൾ പ്രവർത്തിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്.

ഒരു പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായയുടെ കടിയേറ്റാൽ പ്രദേശം ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കും. നാലു ലക്ഷം ഡോസ് അധികമെത്തിക്കാൻ നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ അവ ഇവിടെയെത്തും. ആലപ്പുഴ, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിൽ വാക്സിനേഷൻ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.