വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം; പ്രതിഷേധവുമായി ബ്രസീൽ

സാവോ പൗലോ: റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഫുട്ബോൾ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തിയതിൽ ബ്രസീൽ ശക്തമായി പ്രതിഷേധിച്ചു. പെലെയും നെയ്മറും ഉൾപ്പെടെയുള്ളവർ വിനീഷ്യസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

സ്പാനിഷ് ഫുട്ബോൾ ഏജന്റ്സ് അസോസിയേഷൻ തലവൻ പെഡ്രോ ബ്രാവോയാണ് ഒരു പരിപാടിക്കിടെ ഗോൾ നേട്ടത്തിന് ശേഷം നൃത്തം ചെയ്ത വിനീഷ്യസിനെ പരിഹസിച്ചത്. സ്പെയിനില്‍ നിങ്ങള്‍ എതിരാളികളെ ബഹുമാനിക്കണമെന്നും കുരങ്ങിനെപ്പോലെ ചെയ്യരുതെന്നുമായിരുന്നു ബ്രാവോയുടെ ആക്ഷേപം. പരാമര്‍ശത്തില്‍ ബ്രാവോ പിന്നീട് മാപ്പുപറഞ്ഞു.

യൂറോപ്പിലെ ചില ആളുകൾക്ക് ഒരു കറുത്ത ബ്രസീലിയൻ കളിക്കാരൻ സന്തോഷിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിനീഷ്യസ് പ്രതികരിച്ചു. “നൃത്തം ചെയ്ത് ഗോൾ ആഘോഷിക്കുന്ന ആദ്യത്തെ ആളല്ല ഞാൻ. റൊണാള്‍ഡീന്യോ, നെയ്മര്‍, ലൂക്കാസ് പക്വേറ്റ, അന്റോയിന്‍ ഗ്രീസ്മാന്‍, ജോവോ ഫെലിക്സ് തുടങ്ങിവരൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ട്. ലോകത്തിന്റെ സാംസ്‌കാരിക വൈവിധ്യമാണ് ഇവിടെ കാണുന്നത്” – വിനീഷ്യസ് പറഞ്ഞു.

ഫുട്ബോൾ സന്തോഷവും നൃത്തച്ചുവടുകളുമാണെന്നാണ് പെലെ പറഞ്ഞു. ഗോൾ നേടിയ ശേഷം താനും വിനീഷ്യസും ഒരുമിച്ച് നൃത്തം ചെയ്യുന്ന ചിത്രമാണ് നെയ്മർ ട്വീറ്റ് ചെയ്തത്.