റാഗിംഗ് ക്രിമിനൽ കുറ്റം; തടയാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ
ന്യൂഡൽഹി: റാഗിംഗിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡെന്‍റൽ കൗൺസിൽ ഓഫ് ഇന്ത്യ (ഡിസിഐ). തങ്ങളുടെ സ്ഥാപനത്തിൽ റാഗിംഗ് നടക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് എല്ലാ സ്ഥാപനങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് ഡിസിഐ പറഞ്ഞു. റാഗിംഗ് തടയുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും ഡിസിഐ പുറത്തിറക്കി.
കൗൺസിലിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിൽ റാഗിംഗ് റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ, സംഭവത്തിലേക്ക് നയിച്ച വ്യക്തിക്കെതിരെ യഥാസമയം മാനേജ്മെന്‍റോ സ്ഥാപനത്തിന്‍റെ മേധാവിയോ ഉചിതമായ നടപടി സ്വീകരിക്കണം. അഡ്മിഷൻ സമയത്ത് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും റാഗിംഗ് വിരുദ്ധ സത്യവാങ്മൂലം രേഖാമൂലം വാങ്ങണം.
കോളേജുകളിലെ റാഗിംഗ് തടയാൻ ആന്‍റി റാഗിംഗ് കമ്മിറ്റികൾ, സ്ക്വാഡുകൾ, സെല്ലുകൾ എന്നിവ രൂപീകരിക്കണം. ക്യാമ്പസിലെ പ്രധാന സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണം. ക്യാമ്പസിൽ റാഗിംഗ് വിരുദ്ധ പോസ്റ്ററുകൾ പതിക്കണം. റാഗിംഗ് വിരുദ്ധ സമിതിയിലെ നോഡൽ ഓഫീസറുടെ ഫോൺ നമ്പറുകളും മെയിൽ ഐഡിയും പ്രദർശിപ്പിക്കണം. വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ സെമിനാറുകളും കൗൺസിലിംഗും സംഘടിപ്പിക്കണം. കോളേജ് ഹോസ്റ്റലുകൾ, കാന്‍റീനുകൾ, ശുചിമുറികൾ, വിനോദ മുറികൾ എന്നിവിടങ്ങളിൽ മിന്നൽ പരിശോധന നടത്തണമെന്നുമാണ് നിർദ്ദേശം.