രാഹുൽ ഗാന്ധി ആദ്യം ഇന്ത്യയുടെ ചരിത്രം പഠിക്കൂ; അമിത് ഷാ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയെ ഒന്നിപ്പിക്കാൻ പുറപ്പെട്ട രാഹുൽ ഗാന്ധി ആദ്യം രാജ്യത്തിന്‍റെ ചരിത്രം പഠിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാജസ്ഥാനിലെ ജോധ്പൂരിൽ ബി.ജെ.പിയുടെ ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. രാഹുൽ ഗാന്ധി വിദേശ ടീഷർട്ട് ധരിച്ചാണ് പദയാത്ര നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു.

പാർലമെന്‍റിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും അമിത് ഷാ പരാമർശിച്ചു. പാർലമെന്‍റിൽ രാഹുൽ ഗാന്ധി നടത്തിയ ഒരു പ്രസംഗം അദ്ദേഹത്തെയും കോൺഗ്രസുകാരെയും ഓർമിപ്പിക്കേണ്ടതുണ്ട്. ഇന്ത്യ എല്ലാവരുടെയും രാഷ്ട്രമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുൽ, ഏത് പുസ്തകത്തിലാണ് നിങ്ങൾ ഇത് വായിച്ചത്? ലക്ഷക്കണക്കിന് ആളുകൾ ജീവൻ ബലിയർപ്പിച്ച രാജ്യമാണിത്. അമിത് ഷാ പറഞ്ഞു.

കോൺഗ്രസിന് ഒരിക്കലും വികസനത്തിനായി പ്രവർത്തിക്കാൻ കഴിയില്ലെന്നും പ്രീണനത്തിനും വോട്ടുബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി മാത്രമേ അവർക്ക് പ്രവർത്തിക്കാൻ കഴിയൂവെന്നും അമിത് ഷാ പറഞ്ഞു.