രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കോൺഗ്രസിന്‍റെ ദേശീയ അദ്ധ്യക്ഷൻ ആരാകും എന്ന ചർച്ചകൾ മുറുകുന്നതിനിടെ രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനകൾ ശക്തം. ഗാന്ധി കുടുംബത്തിൽ നിന്ന് ആരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. രാഹുൽ ഇപ്പോൾ വിദേശത്താണ്. അദ്ദേഹം തിരിച്ചെത്തിയാൽ അദ്ദേഹം വീണ്ടും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം നേതാക്കൾ ഉന്നയിക്കാൻ സാധ്യതയുണ്ട്.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കുകയായിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന ആവശ്യം നേതാക്കൾ രാഹുലിന് മുന്നിൽ വച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോഴും മത്സരിക്കാനില്ലെന്ന നിലപാട് രാഹുൽ ആവർത്തിച്ചു. ഇതോടെ മുതിർന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, മുകുൾ വാസ്നിക് എന്നിവരുടെ പേരുകൾ ഔദ്യോഗിക പക്ഷത്തിന്‍റെ സ്ഥാനാർത്ഥികളായി ചർച്ചയായി. അതേസമയം, ജി-23 ലെ നേതാക്കളും തങ്ങളുടെ പ്രതിനിധികൾ മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.