നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർദ്ധനവ് എന്നിവയ്ക്കെതിരെയാണ് കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും കൂടാതെ ലോക്സഭാ, രാജ്യസഭാ എംപിമാർ പാർലമെന്‍റിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്കും (ചലോ രാഷ്ട്രപതി ഭവൻ) പ്രതിഷേധ പ്രകടനം നടത്തും.
പ്രതിഷേധത്തിന് മുന്നോടിയായി കോൺഗ്രസ്സ് പ്രവർത്തകർ എഐസിസി ആസ്ഥാനത്ത് സംഘടിച്ചു. പ്രതിഷേധം കണക്കിലെടുത്ത് എഐസിസി ആസ്ഥാനം കേന്ദ്രസേനയും ഡൽഹി പോലീസും വളഞ്ഞു. ജന്തർ മന്തർ ഒഴികെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് കോൺഗ്രസ്സിന് പ്രതിഷേധം നടത്താൻ അനുമതി നിഷേധിച്ചത്.
മോദി ഭരണം ജനാധിപത്യത്തിന് അന്ത്യം കുറിച്ചെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാ കേന്ദ്ര ഏജൻസികളെയും സ്വതന്ത്രരാക്കുന്ന മോദി സർക്കാരിന്റെ നീക്കം ഇന്ത്യയിൽ ഏകാധിപത്യത്തിന്‍റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.