സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും
ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ സിൽവർ ലൈൻ സമരസമിതി പ്രവർത്തകരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ആറ്റിങ്ങലിലാണ് കൂടിക്കാഴ്ച നടക്കുക. സിൽവർലൈൻ വിരുദ്ധ സമരസമിതി രാഹുൽ ഗാന്ധിയെ കാണാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങൾ ന്യായമാണെന്നും പദ്ധതികൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കരുതെന്നും രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കണ്ടെയ്നർ ജാഥയാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് വിമർശിച്ചിരുന്നു. ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ തിരഞ്ഞാണ് ഭാരത് ജോഡോ യാത്രയുടെ പാത തയ്യാറാക്കിയിട്ടുള്ളതെന്നും ആർക്കെതിരെയാണ് ഈ കണ്ടെയ്നർ ജാഥ നടത്തുന്നതെന്നും സ്വരാജ് ചോദിച്ചു.
മൊത്തം 12 സംസ്ഥാനങ്ങളിലൂടെയാണ് ജാഥ കടന്നുപോകുന്നത്. അവയിൽ ഏഴെണ്ണവും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ തിരഞ്ഞാണ് റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. കണ്ടയ്‌നർ വാഴ്ത്തിപ്പാട്ടുകൾ കണ്ടിട്ട് മിക്കവാറും ഈ കണ്ടയ്‌നറുകൾ കോൺഗ്രസിനേയും കൊണ്ടേ പോകൂ എന്നാണ് തോന്നുന്നതെന്നും സ്വരാജ് പറഞ്ഞു.