രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര; കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ

തിരുവനന്തപുരം: വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ നിന്ന് എട്ട് സ്ഥിരാംഗങ്ങൾ. ചാണ്ടി ഉമ്മൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടൻ, കെ.എസ്.യു ജനറൽ സെക്രട്ടറി നബീൽ നൗഷാദ്, മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് ഫാത്തിമ, ഷീബ രാമചന്ദ്രൻ, കെ.ടി ബെന്നി, മുൻ സേവാദൾ പ്രസിഡന്‍റ് എം.എ സലാം, ഗീത രാമകൃഷ്ണൻ എന്നിവരാണ് കേരളത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങൾ. രാഹുൽ ഗാന്ധിക്കൊപ്പം 118 സ്ഥിരാംഗങ്ങളാണുള്ളത്.

സെപ്റ്റംബർ ഏഴിന് വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുന്നത്. കാൽനടയായി 3,570 കിലോമീറ്റർ കാൽനടയായി നടക്കുന്ന യാത്ര ജമ്മു കശ്മീരിൽ സമാപിക്കും. നാഥുറാം വിനായക് ഗോഡ്സെ മഹാത്മാഗാന്ധിയെ വധിച്ചതിന്‍റെ വാർഷികത്തോടനുബന്ധിച്ച് 2023 ജനുവരി 30 നാണ് സമാപന സമ്മേളനം നടക്കുന്നത്. ഈ അഞ്ച് മാസത്തിനുള്ളിൽ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകൾ നടക്കും.

ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനങ്ങൾ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും. രണ്ടിടത്തും പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയുടെ ഇടവേളകളിൽ വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ്.