രാഹുൽ ഗാന്ധിയുടെ പദയാത്ര സെപ്റ്റംബർ ഏഴിന്; ലോഗോ പുറത്തിറങ്ങി

കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ’ പദയാത്ര അടുത്ത മാസം ഏഴിന് ആരംഭിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെയാണ് പദയാത്ര നടത്തുന്നത്. രാജ്യത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഇക്കാര്യത്തിൽ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ‘ഭാരത് ജോഡോ യാത്ര’ എന്ന ഹാഷ്ടാഗും പദയാത്രയുടെ ലോഗോയും പ്രകാശനം ചെയ്തു.

150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോവുക. 3500 കിലോമീറ്റർ പിന്നിട്ട് 2023 ജനുവരി 30 ന് സമാപിക്കും. 22 നഗരങ്ങളിൽ റാലികൾ സംഘടിപ്പിക്കും. ഗുജറാത്തിൽ കടക്കുന്നില്ല. രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 7 വരെയും ദിവസവും 25 കിലോമീറ്റർ പദയാത്രയായിരിക്കും

സെപ്റ്റംബർ ഏഴിനു യാത്ര ആരംഭിക്കുന്നതിന് മുമ്പ് രാഹുൽ ഗാന്ധി തന്‍റെ പിതാവിന്‍റെ രക്തം വീണ ശ്രീപെരുംപുത്തൂരിലെത്തി അനുഗ്രഹം തേടും. ശ്രീപെരുംപുത്തൂരിലെ രാജീവ് സ്മൃതി മണ്ഡപത്തിലെ രാഹുലിന്‍റെ ആദ്യ സന്ദർശനമാണിത്. സെപ്റ്റംബർ 11ന് രാവിലെ കേരള അതിർത്തിയിലെ കളിയിക്കാവിളയിലെത്തും. കൊച്ചി, തൃശ്ശൂർ, നിലമ്പൂർ എന്നിവിടങ്ങളിലാണ് കേരളത്തിലെ റാലികൾ നടക്കുക.