രാഹുൽ ഗാന്ധിയെ ഇഡി അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തേക്കുമെന്ന്. അതേസമയം സർക്കാരിനെതിരെ ശബ്ദമുയർത്തുന്നതിനാലാണ് രാഹുലിനെ വേട്ടയാടുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയെ ജയിലിലടച്ച് ഭയപ്പെടുത്തരുതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും പറഞ്ഞു. എത്ര അടിച്ചമർത്താൻ ശ്രമിച്ചാലും മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് രാഹുൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകുക. എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ ഉത്തരം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ദിവസം രാഹുലിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം. ഇ.ഡിയിലെ അസിസ്റ്റൻറ് ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ രാത്രി വരെ 11 മണിക്കൂർ നീണ്ട വിചാരണ തിങ്കളാഴ്ച 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൻറെ തുടർച്ചയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധി ശ്രീ ഗംഗാറാം ആശുപത്രിയിലെത്തി അമ്മ സോണിയാ ഗാന്ധിയെ സന്ദർശിച്ചു. കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ് സോണിയ. ചൊവ്വാഴ്ച രാവിലെ 11.30നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ചഭക്ഷണത്തിനായി ഒരു മണിക്കൂർ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച പ്രക്രിയ രാത്രി വരെ തുടർന്നു. ഓരോ ചോദ്യത്തിനും ഉത്തരം നൽകാൻ രാഹുൽ ഗാന്ധി ഏറെ സമയമെടുക്കുന്നുവെന്നാണ് വിവരം. ചില മറുപടികള്‍ മാറ്റിപ്പറയുകയോ അവകാശവാദങ്ങള്‍ ആവര്‍ത്തിക്കുകയോ ചെയ്യുന്നു. താൻ ഡയറക്ടറായ ‘യംഗ് ഇന്ത്യ ലിമിറ്റഡ് കമ്പനി’ കമ്പനി നിയമത്തിലെ ചാരിറ്റബിൾ ആക്ട് പ്രകാരം രൂപീകരിച്ചതാണെന്നും ലാഭമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ഓഹരി ഉടമകൾക്കോ ഡയറക്ടർമാർക്കോ ലാഭവിഹിതം നൽകേണ്ട ആവശ്യമില്ലെന്നും രാഹുൽ മറുപടിയിൽ പറഞ്ഞു. എന്നാൽ, ഈ ഉത്തരം അന്വേഷണ ഉദ്യോഗസ്ഥൻ അംഗീകരിച്ചില്ല, രേഖാമൂലമുള്ള തെളിവുകൾ ഹാജരാക്കി ഇത് നിഷേധിക്കുകയും ചെയ്തു.