രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐയെ വിമർശിച്ച് സിപിഐ
തിരുവനന്തപുരം: വയനാട്ടിലെ കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ. ക്യാമ്പസുകളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്ന് സി പി ഐ അസി. സെക്രട്ടറി സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പ്രവർത്തകരെ നിയന്ത്രിക്കേണ്ട രീതിയിൽ നിയന്ത്രിച്ചില്ലെങ്കിൽ അത് ഇടതുമുന്നണിക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ സംഭവം ഇടതുപക്ഷത്തിന് നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം എസ്എഫ്ഐയുടെ നടപടിക്കെതിരെ സിപിഎമ്മിനുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സംഭവത്തെ തള്ളിയിരുന്നു. എസ്.എഫ്.ഐ നേതാക്കളെയും ഇന്ന് എ.കെ.ജി സെന്ററിലേക്ക് വിളിപ്പിച്ചിരുന്നു. അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സി.പി.എം വിളിപ്പിച്ചത്. സംഭവത്തെ തുടർന്ന് പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ആറ് എസ്എഫ്ഐ പ്രവർത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് 25 പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എസ്എഫ്ഐ ജില്ലാ പ്രസിഡൻറ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരാണ് അറസ്റ്റിലായത്.