രാഹുലിന്റെ ഭാരത് ജോഡോ യാത്ര തുടങ്ങി
ചെന്നൈ: കോൺഗ്രസിന്‍റെ ‘ഭാരത് ജോഡോ യാത്ര’ ആരംഭിച്ചു. കന്യാകുമാരിയിൽ നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ സന്ദേശം രാഹുൽ ഗാന്ധി വായിച്ചു. നാമമാത്രമായ ഒരു ചടങ്ങാണ് ഇന്ന് നടക്കുന്നത്. യാത്ര നാളെ മുതൽ ആരംഭിക്കും. നാല് ദിവസത്തിന് ശേഷം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കും.
തന്‍റെ ചിന്തകളും പ്രാർത്ഥനകളും യാത്രയുടെ ഭാഗമാകുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. അനാരോഗ്യം കാരണം കന്യാകുമാരിയിലെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിൽ സങ്കടമുണ്ടെന്നും സോണിയ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ പരിവർത്തന കാലഘട്ടമാണിത്. യാത്രയുടെ ഭാഗമാകുന്ന 120 പാർട്ടി നേതാക്കളെയും പ്രവർത്തകരെയും സോണിയ പ്രത്യേകം അഭിനന്ദിച്ചു. ഐക്യത്തോടെ മുന്നോട്ട് പോകുക എന്നും സോണിയ ആശംസിച്ചു.
ഭാരത് ജോഡോ യാത്ര 150 ദിവസം നീണ്ടുനിൽക്കും. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള 3,570 കിലോമീറ്റർ യാത്രയിൽ രാഹുൽ ഗാന്ധി ഹോട്ടലുകളിൽ താമസിക്കില്ല. പകരം കണ്ടെയ്നറുകളിൽ താമസിക്കും. ചില കണ്ടെയ്‌നറുകളില്‍ പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കിടക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വിവിധതരം കാലാവസ്ഥയിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഇതിന് അനുയോജ്യമായ സൗകര്യങ്ങളാണ് കണ്ടെയ്നറുകളിൽ ഉള്ളത്. ചില കണ്ടെയ്നറുകൾ ശീതീകരിച്ചതാണ്. കന്യാകുമാരിയിലേക്ക് 60 കണ്ടെയ്നറുകൾ അയയ്ക്കുമെന്ന് നേതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.