രാഹുലിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ; 110 ദിവസത്തിൽ പിന്നിട്ടത് 3000 കിലോമീറ്റർ

ന്യൂഡൽഹി: 9 ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിക്കുന്നു. ഉത്തർ പ്രദേശിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 110 ദിവസം കൊണ്ട് വിവിധ സംസ്ഥാനങ്ങളിലൂടെ 3,000 കിലോമീറ്ററിലധികം ദൂരം രാഹുലും സംഘവും സഞ്ചരിച്ചിട്ടുണ്ട്.

2022 സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര തമിഴ്നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോയി. സമാപനം ജമ്മു കശ്മീരിൽ നടക്കും.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ നേതാവ് ഇത്രയും ദൈർഘ്യമേറിയ കാൽനട യാത്ര നടത്തുന്നതെന്ന് കോൺഗ്രസ് പറയുന്നു. ജനുവരി 26ന് യാത്ര അവസാനിക്കുമ്പോൾ ‘ഹാത്ത് സേ ഹാത്ത് ജോഡോ’ എന്ന പേരിൽ ഒരു പ്രചാരണ പരിപാടിയും പാർട്ടി ആസൂത്രണം ചെയ്തിട്ടുണ്ട്.