രാഹുലിന്റെ ഭാരത് ജോഡോ യാത്ര; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര, നിയമസഭാ സമ്മേളനം, ഓണാഘോഷങ്ങളുടെ സമാപന ഘോഷയാത്ര എന്നിവയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
നാളെ ഭാരത് ജോഡോയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രാവച്ചമ്പലം മുതൽ കേശവദാസപുരം വരെയുള്ള റോഡിലും 12 ന് രാവിലെ 6 മുതൽ വൈകിട്ട് 8 വരെ നേമം മുതൽ കഴക്കൂട്ടം വരെയുള്ള റോഡിലും നിയന്ത്രണം ഉണ്ടാകും. നിയമസഭാ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ഓണം വാരാഘോഷത്തിന്‍റെ സമാപന ഘോഷയാത്രയോട് അനുബന്ധിച്ച് 12ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ-വെള്ളയമ്പലം-മ്യൂസിയം-ആർ.ആർ.ലാബ്-പാളയം-സ്പെൻസർ-സ്റ്റാച്യു-ആയുർവേദ കോളേജ്-ഓവർബ്രിഡ്ജ്-പഴവങ്ങാടി-കിഴക്കേകോട്ട-കട്ട് ഫോർട്ട്-മിത്രാനന്തപുരം-പടിഞ്ഞാറേക്കോട്ട-ഈഞ്ചക്കൽ വരെയുള്ള റോഡുകളിൽ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.