രാഹുലിന്റെ ‘റീലോഞ്ച്’; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ബസവരാജ് ബൊമ്മെ
ബെംഗളൂരു: കോൺഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര അർത്ഥശൂന്യമാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘രാഹുൽ ഗാന്ധി’ എന്ന പേരുള്ള പരാജയപ്പെട്ട മിസൈൽ വിക്ഷേപിക്കാനുള്ള രണ്ടാമത്തെ ശ്രമമാണിതെന്ന് ബൊമ്മെ പരിഹസിച്ചു. കോൺഗ്രസ് ഏറെ പ്രതീക്ഷയോടെ നടത്തുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച 1000 കിലോമീറ്റർ പിന്നിട്ടു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര ഇപ്പോൾ കർണാടകയിലെ ബെല്ലാരിയിലെത്തി.
“ഇന്ത്യ ഇപ്പോൾ തന്നെ ഐക്യത്തിലാണ്. രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ജോഡോ യാത്ര പോകേണ്ട ആവശ്യമില്ല. ആഗോളതലത്തിൽ ഇന്ത്യ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ജി 7 രാജ്യങ്ങൾ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ, ഇന്ത്യ 7 ശതമാനം വളർച്ച കൈവരിച്ചു. അതുകൊണ്ട് ഭാരത് ജോഡോ യാത്ര അർത്ഥശൂന്യമാണ്.
രാഹുൽ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കുക എന്നതാണ് ഭാരത് ജോഡോ യാത്രയുടെ യഥാർത്ഥ ലക്ഷ്യം. രാഹുൽ ഗാന്ധി എന്ന പേരിൽ ഇവർ വിക്ഷേപിച്ച മിസൈൽ പരാജയപ്പെട്ടു. അവർ ഇത് രണ്ടാം തവണ വീണ്ടും വിക്ഷേപിക്കുന്നു.” – ബൊമ്മൈ പറഞ്ഞു.