‘ഭാരത് ജോഡോ’യ്ക്ക് രാഹുൽ ധരിച്ച ടിഷർട്ടിന് വില 41,000 രൂപ; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കായി ധരിച്ച ടിഷർട്ടിന് വില 41,000 രൂപയാണെന്ന് ബിജെപി. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് രാഹുൽ ടിഷർട്ട് ധരിച്ചുനിൽക്കുന്ന ചിത്രവും അതിനു സമാനമായ ടി-ഷർട്ടിന്റെ വില ഉൾപ്പെടുന്ന ചിത്രവും പങ്കുവച്ചത്.

‘ഭാരത്, ദേഖോ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ ബിജെപി പങ്കുവച്ചിരിക്കുന്നത്. ബർബറി എന്ന കമ്പനിയുടെ ടി-ഷർട്ടാണിത്. 41257 രൂപയാണ് ഈ ടീഷർട്ടിന്റെ വിലയെന്ന് കുറിപ്പിനൊപ്പമുള്ള ചിത്രത്തിൽ പറയുന്നു.

ബിജെപിയുടെ കുറിപ്പ് പങ്കുവച്ച്, ഭാരത് ജോഡോ യാത്രയ്ക്കു ജനങ്ങളുടെ ഇടയിൽ ലഭിക്കുന്ന സ്വീകാര്യതയെ പേടിയാണോയെന്ന് മറുപടിയായി കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ചോദിച്ചു. ‘‘പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുക. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ചു സംസാരിക്കുക. ഇനി വസ്ത്രങ്ങളെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കിൽ മോദിയുടെ 10 ലക്ഷത്തിന്റെ സ്യൂട്ടിനെയും ഒന്നര ലക്ഷത്തിന്റെ കണ്ണാടിയെക്കുറിച്ചും സംസാരിക്കാം. എന്താണ് ചെയ്യേണ്ടതെന്നു പറയൂ…’’ – ബിജെപിയുടെ അക്കൗണ്ടിനെ ടാഗ് ചെയ്ത് കോൺഗ്രസ് ചോദിച്ചു.