മോദിയെ വിമര്‍ശിച്ചാല്‍ റെയ്ഡ് ; മുന്‍ ജഡ്ജിയുടെ പരാമർശത്തെ വിമർശിച്ച് കിരൺ റിജിജു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നത് റെയ്ഡിലേക്ക് നയിക്കുമെന്ന് പറഞ്ഞ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി നിയമമന്ത്രി കിരൺ റിജിജു. ജഡ്ജി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം പ്രവർത്തിച്ച സംവിധാനത്തോടുള്ള അവഹേളനമാണെന്നും ഇത്തരക്കാർ അടിയന്തരാവസ്ഥയ്ക്കെതിരെ ഒന്നും സംസാരിക്കുന്നില്ലെന്നും കിരൺ റിജിജു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാൽ ഒരു കാരണവുമില്ലാതെ വീട് റെയ്ഡ് ചെയ്യുമെന്നും, അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നും സുപ്രീം കോടതി മുൻ ജഡ്ജി ബിഎൻ ശ്രീകൃഷ്ണ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നിയമമന്ത്രി ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചത്.

“ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവരാണ് ഇപ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നത്. കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെക്കുറിച്ച് അവർ ഒരിക്കലും സംസാരിക്കില്ല. മാത്രമല്ല, ചില പ്രാദേശിക പാർട്ടികളുടെ മുഖ്യമന്ത്രിമാരെ കുറിച്ചും അവർ ഒരിക്കലും സംസാരിക്കാറില്ല,” മന്ത്രി ട്വിറ്ററിൽ കുറിച്ചു.