ഇടിമിന്നലോട് കൂടിയ മഴ; ഞായറാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 09 മുതൽ 11 വരെയാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് കനത്ത മഴ.

ഇടിമിന്നൽ അപകടകരമാണ്. അവ മനുഷ്യന്‍റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധപ്പെട്ട ഗൃഹോപകരണങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കുന്നു. അതിനാൽ, പൊതുജനങ്ങൾ മേഘം കാണാൻ തുടങ്ങുന്ന സമയം മുതൽ ഇനിപ്പറയുന്ന മുൻകരുതലുകൾ എടുക്കണം. ഇടിമിന്നൽ ദൃശ്യമല്ലാത്തതിനാൽ അത്തരം മുൻകരുതലുകൾ എടുക്കുന്നതിൽ നിന്ന് മടിക്കരുത്.

മിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ ഒരു കെട്ടിടത്തിലേക്ക് മാറുക. തുറസ്സായ സ്ഥലത്ത് തുടരുന്നത് ഇടിമിന്നലിനുള്ള സാധ്യത വർദ്ധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനാലയ്ക്കും സമീപം നിൽക്കരുത്. കെട്ടിടത്തിനുള്ളിൽ ഇരിക്കുക, കഴിയുന്നത്ര ഭിത്തിയിലോ തറയിലോ തൊടാതിരിക്കാൻ ശ്രമിക്കുക. വീട്ടുപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് വൈദ്യുത ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.